പ്രഭാതം തോറും പുതിയത്
എന്റെ സഹോദരന്‍ പോള്‍ കടുത്ത അപസ്മാരവുമായി പൊരുതിയാണ് വളര്‍ന്നത്, അവന്‍ കൗമാരപ്രായത്തിലേക്ക് കടന്നപ്പോള്‍ അത് കൂടുതല്‍ വഷളായി. ഒരു സമയം ആറുമണിക്കൂറിലധികം തുടര്‍ച്ചയായി രോഗബാധ അനുഭവപ്പെട്ടിരുന്നതിനാല്‍, രാത്രികാലങ്ങള്‍ അവനും എന്റെ മാതാപിതാക്കള്‍ക്കും അതികഠിനമായിരുന്നു. രോഗലക്ഷണങ്ങളെ ലഘൂകരിക്കുന്നതിനോ ദിവസത്തിന്റെ ഒരു ഭാഗമെങ്കിലും അവനെ സുബോധത്തോടെ ഇരുത്തുന്നതിനോ സഹായകരമായ ഒരു ചികിത്സ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ല, എന്റെ മാതാപിതാക്കള്‍ പ്രാര്‍ത്ഥനയില്‍ നിലവിളിച്ചു: 'ദൈവമേ, ദൈവമേ, ഞങ്ങളെ സഹായിക്കണമേ!''
അവരുടെ വികാരങ്ങള്‍ തകരുകയും അവരുടെ ശരീരം തളര്‍ന്നുപോവുകയും ചെയ്‌തെങ്കിലും, ഓരോ പുതിയ ദിവസത്തിനും മതിയായ ബലം പോളിനും എന്റെ മാതാപിതാക്കള്‍ക്കും ദൈവത്തില്‍ നിന്ന് ലഭിച്ചു. കൂടാതെ, വിലാപങ്ങളുടെ പുസ്തകം ഉള്‍പ്പെടെയുള്ള ബൈബിളിലെ വാക്യങ്ങളില്‍ നിന്ന് എന്റെ മാതാപിതാക്കള്‍ക്ക് ആശ്വാസം ലഭിച്ചു. 'കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പ്പും'' ഓര്‍മ്മിച്ചുകൊണ്ട് ബാബിലോന്യ സൈന്യം യെരൂശലേമിനെ നശിപ്പിച്ചതില്‍ യിരെമ്യാവ് ദുഃഖിച്ചു (3:19). എന്നിട്ടും യിരെമ്യാവിന് പ്രതീക്ഷ നഷ്ടപ്പെട്ടില്ല. 'രാവിലെതോറും പുതിയതായ'' ദൈവത്തിന്റെ കാരുണ്യം അവന്‍ ഓര്‍മ്മിച്ചു (വാ. 23). എന്റെ മാതാപിതാക്കളും അങ്ങനെ തന്നെ ചെയ്തു.
നിങ്ങള്‍ അഭിമുഖീകരിക്കുന്നതെന്തായാലും, എല്ലാ പ്രഭാതത്തിലും ദൈവം വിശ്വസ്തനാണെന്ന് അറിയുക. അവന്‍ അനുദിനം നമ്മുടെ ശക്തി പുതുക്കുകയും പ്രത്യാശ നല്‍കുകയും ചെയ്യുന്നു. ചിലപ്പോള്‍, എന്റെ കുടുംബത്തിനു ചെയ്തതുപോലെ, അവന്‍ ആശ്വാസം നല്‍കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം, ഒരു പുതിയ മരുന്ന് ലഭ്യമായി, ഇത് പോളിന്റെ തുടര്‍ച്ചയായ രാത്രികാല രോഗബാധ നിര്‍ത്തുകയും എന്റെ കുടുംബത്തിന് പുനഃസ്ഥാപന ഉറക്കവും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും നല്‍കുകയും ചെയ്തു.
നമ്മുടെ ആത്മാക്കള്‍ നമ്മുടെ ഉള്ളില്‍ ക്ഷീണിക്കുമ്പോള്‍ (വാ. 20), ദൈവത്തിന്റെ കരുണ രാവിലെതോറും പുതിയതാണെന്ന വാഗ്ദാനങ്ങള്‍ നമുക്ക് ഓര്‍മ്മിക്കാം.
നാം ദൈവമല്ല
മിയര്‍ ക്രിസ്റ്റിയാനിറ്റി എന്ന ഗ്രന്ഥത്തില്‍, നാം നിഗളമുള്ളവരോ എന്നു കണ്ടെത്തുന്നതിന് നമ്മോടു തന്നേ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ സി.എസ് ലൂയിസ് നിര്‍ദ്ദേശിക്കുന്നു: 'മറ്റ് ആളുകള്‍ എന്നെ അവഹേളിക്കുമ്പോള്‍ അല്ലെങ്കില്‍ എന്നെ ശ്രദ്ധിക്കാന്‍ വിസമ്മതിക്കുമ്പോള്‍ അല്ലെങ്കില്‍ എന്റെ സംരക്ഷകരായിരിക്കാന്‍ ശ്രമിക്കുമ്പോള്‍ എനിക്ക് എത്രമാത്രം നീരസമുണ്ടാകും?' നിഗളത്തെ 'അങ്ങേയറ്റത്തെ തിന്മ'' ആയും വീടുകളിലെയും രാജ്യങ്ങളിലെയും ദുരിതത്തിന്റെ പ്രധാന കാരണമായും ലൂയിസ് കണ്ടു. സ്‌നേഹം, സംതൃപ്തി, സാമാന്യബുദ്ധി എന്നിവയ്ക്കുള്ള സാധ്യതകളെ തിന്നുകളയുന്ന ഒരു 'ആത്മീയ ക്യാന്‍സര്‍'' എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.
നിഗളം കാലങ്ങളായി ഒരു പ്രശ്‌നമാണ്. ദൈവത്തിന്റെ കരുത്തുറ്റ തീരദേശ നഗരമായ സോരിന്റെ നേതാവിന്റെ നിഗളത്തിനെതിരെ ദൈവം യെഹെസ്‌കേല്‍ പ്രവാചകനിലൂടെ മുന്നറിയിപ്പു നല്‍കി. രാജാവിന്റെ നിഗളം അവന്റെ പതനത്തിന് കാരണമാകുമെന്ന് അവന്‍ പറഞ്ഞു: 'നീ ദൈവഭാവം നടിക്കുകയാല്‍ ഞാന്‍ ജാതികളില്‍ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരെ വരുത്തും' (യെഹെസ്‌കേല്‍ 28:6-7). താന്‍ ഒരു ദൈവമല്ല, മറിച്ച് ഒരു മനുഷ്യനാണെന്ന് അപ്പോള്‍ അവന്‍ അറിയും (വാ. 9).
നിഗളത്തിന് വിപരീതം താഴ്മയാണ്, ദൈവത്തെ അറിയുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ഒരു സ്വഭാവഗുണമായി ലൂയിസ് അതിനെ വിശേഷിപ്പിച്ചു. നാം അവനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനനുസരിച്ച് നാം 'സന്തോഷപൂര്‍വ്വം താഴ്മയുള്ളവരായി'' മാറുന്നുവെന്ന് ലൂയിസ് പറഞ്ഞു. മുമ്പ് നമ്മെ അസ്വസ്ഥരും അസന്തുഷ്ടരുമാക്കിയിരുന്ന നമ്മുടെ അന്തസ്സിനെക്കുറിച്ചുള്ള നിസാരമായ വിഡ്ഢിത്തങ്ങളില്‍ നിന്ന് മുക്തി നേടുന്നത് നമ്മെ ആശ്വാസമുള്ളവരാക്കി മാറ്റും.
നാം എത്രത്തോളം ദൈവത്തെ ആരാധിക്കുന്നുവോ അത്രയധികം നാം അവനെ അറിയുകയും അവന്റെ മുമ്പാകെ താഴ്മയുള്ളവരാകുകയും ചെയ്യും. സന്തോഷത്തോടും താഴ്മയോടും കൂടെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവരായി നമുക്കു തീരാം.
സകലവും സമര്‍പ്പിക്കുന്നു
യേശുവിനുവേണ്ടി മറ്റുള്ളവരെ സേവിക്കുന്നതിനായി കലാരംഗത്തെ തങ്ങളുടെ ജോലി ഉപേക്ഷിച്ച് ദൈവം തങ്ങളെ വിളിച്ചതെന്ന് അവര്‍ വിശ്വസിച്ചയിടത്ത് ശുശ്രൂഷിക്കാന്‍ സ്വയം സമര്‍പ്പിച്ച രണ്ടുപേര്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടും. ജെയിംസ് ഒ. ഫ്രേസര്‍ (1886-1938), ചൈനയിലെ ലിസു ജനതയെ സേവിക്കാനായി ഇംഗ്ലണ്ടിലെ കണ്‍സേര്‍ട്ട് പിയാനിസ്റ്റ് ആയിട്ടുള്ള കലാജീവിതം ഉപേക്ഷിച്ചു. അമേരിക്കക്കാരനായ ജഡ്‌സണ്‍ വാന്‍ ഡിവെന്റര്‍ (1855-1939) കലാരംഗത്തെ ജോലി ഉപേക്ഷിച്ച് ഒരു സുവിശേഷകന്‍ ആകാന്‍ തീരുമാനിച്ചു. അദ്ദേഹമാണ് പിന്നീട് ''ഞാന്‍ സമര്‍പ്പിക്കുന്നു'' (I Surrender All) എന്ന ഗാനം എഴുതിയത്.
കലാരംഗത്ത് ഒരു തൊഴില്‍ നേടുക എന്നത് പലരെ സംബന്ധിച്ചും തികവാര്‍ന്ന ഒരു വിളിയാണെങ്കിലും, ഒരു തൊഴില്‍ മറ്റൊന്നിനായി ഉപേക്ഷിക്കാന്‍ ദൈവം തങ്ങളെ വിളിച്ചതായി ഈ മനുഷ്യര്‍ വിശ്വസിച്ചു. തന്നെ അനുഗമിക്കാനായി സമ്പത്ത് ഉപേക്ഷിക്കാന്‍ ധനികനായ ഭരണാധികാരിയെ കര്‍ത്താവ് ഉപദേശിക്കുന്നതില്‍ നിന്ന് ഒരുപക്ഷേ അവര്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കാം (മര്‍ക്കൊസ് 10:17-25). ആ സംഭവത്തിന് സാക്ഷിയായ പത്രൊസ് ഉടനെ പറഞ്ഞു ''ഇതാ, ഞങ്ങള്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു!'' (വാ. 28). തന്നെ അനുഗമിക്കുന്നവര്‍ക്ക് ''ഈ ലോകത്തില്‍ ... നൂറുമടങ്ങും' 'വരുവാനുള്ള ലോകത്തില്‍ നിത്യജീവനെയും' യേശു വാഗ്ദത്തം ചെയ്തു (വാ. 30). എന്നാല്‍ അവന്‍ തന്റെ ജ്ഞാനമനുസരിച്ചാണതു നല്‍കുന്നത്: ''മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരും ആകും'' (വാ. 31).
ദൈവം നമ്മെ എവിടെ ആക്കിയാലും, അവനെ അനുഗമിക്കാനും നമ്മുടെ കഴിവുകളും വിഭവങ്ങളും ഉപയോഗിച്ച് അവനെ സേവിക്കുവാനുമുള്ള അവന്റെ സൗമ്യമായ ആഹ്വാനം അനുസരിച്ച് ദിവസേന നമ്മുടെ ജീവിതം ക്രിസ്തുവിനു സമര്‍പ്പിക്കാന്‍ വിളിക്കപ്പെടുന്നു - നമ്മുടെ വീട്ടിലോ, ഓഫീസിലോ, സമൂഹത്തിലോ അല്ലെങ്കില്‍ വീട്ടില്‍ നിന്ന് അകലെയോ എവിടെ ആയിരുന്നാലും. നാം അങ്ങനെ ചെയ്യുമ്പോള്‍, മറ്റുള്ളവരുടെ ആവശ്യങ്ങളെ നമ്മുടേതിനേക്കാള്‍ ഉപരിയായി വെച്ചുകൊണ്ട് അവരെ സ്‌നേഹിക്കാന്‍ അവിടുന്ന് നമ്മെ പ്രചോദിപ്പിക്കും.
പക്വതയിലേക്കെത്തുന്ന ഒരു പ്രക്രിയ
ചാള്‍സ് സിമിയോണ്‍ (1759-1836) ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ തന്റെ അമ്പത് വര്‍ഷത്തെ ശുശ്രൂഷയുടെ തുടക്കത്തില്‍, ഒരു അയല്‍ പാസ്റ്ററായ ഹെന്റി വെന്നിനെയും പെണ്‍മക്കളെയും കണ്ടുമുട്ടി. സന്ദര്‍ശനത്തിനുശേഷം, ആ ചെറുപ്പക്കാരന്‍ എത്രമാത്രം പരുക്കനും തന്നെക്കുറിച്ചുതന്നെ മതിപ്പുള്ളവനുമാണ് എന്ന് പെണ്‍മക്കള്‍ അഭിപ്രായപ്പെട്ടു. മറുപടിയായി, പീച്ച് മരങ്ങളില്‍ നിന്ന് ഒരു പീച്ച് പറിക്കാന്‍ വെന്‍ തന്റെ പെണ്‍മക്കളോട് ആവശ്യപ്പെട്ടു. പിതാവ് എന്തിനാണ് പഴുക്കാത്ത ഫലം ആഗ്രഹിക്കുന്നതെന്ന് അവര്‍ അത്ഭുതപ്പെട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചു, ''ശരി, എന്റെ പ്രിയ മക്കളേ, അതിപ്പോള്‍ പച്ചയാണ്, നമ്മള്‍ കാത്തിരിക്കണം; എന്നാല്‍ കുറച്ചുകൂടി വെയിലും കുറച്ച് മഴയും കിട്ടിക്കഴിയുമ്പോള്‍ പീച്ച് പഴുത്തതും മധുരമുള്ളതുമായിരിക്കും. മിസ്റ്റര്‍ സിമിയോണിന്റെ കാര്യത്തിലും അങ്ങനെ തന്നെ.'
കാലക്രമേണ സിമിയോണ്‍ ദൈവത്തിന്റെ രൂപാന്തരപ്പെടുത്തുന്ന കൃപയിലൂടെ മയപ്പെട്ടു. എല്ലാ ദിവസവും ബൈബിള്‍ വായിക്കാനും പ്രാര്‍ത്ഥിക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയായിരുന്നു ഒരു കാരണം. രണ്ടുമാസം അദ്ദേഹത്തോടൊപ്പം താമസിച്ച ഒരു സുഹൃത്ത് ഈ ശീലത്തിന് സാക്ഷ്യം വഹിച്ചു, ''അദ്ദേഹത്തിന്റെ മഹത്തായ കൃപയുടെയും ആത്മീയ ശക്തിയുടെയും രഹസ്യം ഇതാ.''
സിമിയോണ്‍ ദൈവവുമായുള്ള ദൈനംദിന ജീവിതത്തില്‍, ദൈവവചനങ്ങള്‍ വിശ്വസ്തതയോടെ ശ്രദ്ധിച്ച യിരെമ്യാ പ്രവാചകന്റെ രീതി പിന്തുടര്‍ന്നു. യിരെമ്യാവ് അവയില്‍ വളരെയധികം ആശ്രയിച്ചതിനാല്‍ അവന്‍ ഇപ്രകാരം പറഞ്ഞു, ''ഞാന്‍ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു.'' അവന്‍ ദൈവവചനങ്ങളെ ചവച്ചരച്ചു ഭക്ഷിച്ചു, അതവന്റെ ''സന്തോഷവും'' ''ഹൃദയത്തിന്റെ ആനന്ദവും'' ആയി (യിരെമ്യാവ് 15:16).
നാമും പുളിയുള്ള പച്ച ഫലത്തോടു സാമ്യമുള്ളവരാണെങ്കില്‍, തിരുവെഴുത്തുകള്‍ വായിക്കുന്നതിലൂടെയും അനുസരിക്കുന്നതിലൂടെയും അവനെ അറിയുമ്പോള്‍ അവന്റെ ആത്മാവിലൂടെ നമ്മെ മയപ്പെടുത്താന്‍ ദൈവം സഹായിക്കുമെന്ന് നമുക്ക് വിശ്വസിക്കാം.
തകര്‍ന്നവയെ പുനര്‍നിര്‍മ്മിക്കുക
മോഷണവും ഹെറോയിന്‍ ആസക്തിയും കാരണം പതിനേഴാം വയസ്സില്‍ ഡൊവെയ്‌നിന് ദക്ഷിണാഫ്രിക്കയിലെ കുടുംബവീട്ടില്‍ നിന്ന് പുറത്താകേണ്ടി വന്നു. അവന്‍ അധിക ദൂരം പോയില്ല, അമ്മയുടെ വീടിനു പിന്നില്‍ ടിന്‍ഷീറ്റുകൊണ്ട് ഒരു ഷെഡ് നിര്‍മ്മിച്ചു, അത് താമസിയാതെ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സ്ഥലമായ കാസിനോ എന്നറിയപ്പെട്ടു. എന്നിരുന്നാലും, പത്തൊന്‍പതാം വയസ്സില്‍, ഡോവെയ്ന്‍ യേശുവില്‍ വിശ്വസിച്ചു രക്ഷിക്കപ്പെട്ടു. മയക്കുമരുന്ന് ഉപേക്ഷിച്ചശേഷമുള്ള അവന്റെ യാത്ര ദീര്‍ഘവും ക്ഷീണിപ്പിക്കുന്നതുമായിരുന്നു, എന്നാല്‍ ദൈവത്തിന്റെ സഹായത്താലും യേശുവില്‍ വിശ്വസിക്കുന്ന സുഹൃത്തുക്കളുടെ പിന്തുണയോടെയും അവന്‍ ശുദ്ധനായി. ഡൊവെയ്ന്‍ കാസിനോ നിര്‍മ്മിച്ച് പത്ത് വര്‍ഷത്തിനു ശേഷം, അവനും മറ്റുള്ളവരും ആ കുടിലിനെ ഒരു ഭവന സഭയാക്കി മാറ്റി. ഒരു കാലത്ത് ഇരുണ്ടതും ശാപഗ്രസ്തവുമായിരുന്ന ഒരു സ്ഥലം ഇപ്പോള്‍ ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും ഇടമാണ്.
ദൈവം ഡൊവെയ്‌നിന്റെയും മുന്‍ കാസിനോയുടെയും കാര്യത്തില്‍ ചെയ്തതുപോലെ എങ്ങനെയാണ് അവന്‍ ആളുകള്‍ക്കും സ്ഥലങ്ങള്‍ക്കും യഥാസ്ഥാപനവും സൗഖ്യവും വരുത്തുന്നത് എന്നു കാണുവാന്‍ ഈ സഭയിലെ നേതാക്കള്‍ യിരെമ്യാവ് 33 ലേക്കു നോക്കുന്നു. നഗരം ശത്രുക്കളുടെ കൈയില്‍ നിന്നും സംരക്ഷിക്കപ്പെടുകയില്ലെങ്കിലും ദൈവം തന്റെ ജനത്തെ സുഖപ്പെടുത്തുകയും ''അവരെ പുനര്‍നിര്‍മ്മിക്കുകയും'' അവരുടെ പാപത്തില്‍ നിന്ന് അവരെ ശുദ്ധീകരിക്കുകയും ചെയ്യും എന്ന് പ്രവാചകനായ യിരെമ്യാവ് പ്രവാസികളായ ദൈവജനത്തോട് സംസാരിച്ചു (യിരെമ്യാവ് 33:7-8). അപ്പോള്‍ നഗരം അവന് ആനന്ദവും പ്രശംസയും മഹത്വവും ആയിരിക്കും (വാ. 9).
ഹൃദയത്തകര്‍ച്ചയും മനോവ്യഥയും വരുത്തുന്ന പാപത്തെക്കുറിച്ച് നിരാശപ്പെടാന്‍ നാം പരീക്ഷിക്കപ്പെടുമ്പോള്‍,
മാനന്‍ബെര്‍ഗിലെ ഒരു വീടിന്റെ പിന്നാമ്പുറത്തു ചെയ്തതുപോലെ, ദൈവം രോഗശാന്തിയും പ്രത്യാശയും നല്‍കട്ടെ എന്ന് നമുക്കു തുടര്‍ന്നും പ്രാര്‍ത്ഥിക്കാം.
എപ്പോഴും നന്ദി പറയുക
പതിനേഴാം നൂറ്റാണ്ടില്‍, യുദ്ധത്തിന്റെയും പ്ലേഗിന്റെയും കാലഘട്ടത്തില്‍ മുപ്പത് വര്‍ഷത്തിലേറെക്കാലം മാര്‍ട്ടിന്‍ റിങ്കാര്‍ട്ട് ജര്‍മ്മനിയിലെ സാക്‌സണിയില്‍ ഒരു പുരോഹിതനായി സേവനമനുഷ്ഠിച്ചു. ഒരു വര്‍ഷം അദ്ദേഹം തന്റെ ഭാര്യയുടെയടക്കം 4,000 ത്തിലധികം ശവസംസ്‌കാരങ്ങള്‍ നടത്തി, ചില സമയങ്ങളില്‍ ഭക്ഷണദൗര്‍ലഭ്യം മൂലം അദ്ദേഹത്തിന്റെ കുടുംബം പട്ടിണി കിടന്നു. അദ്ദേഹത്തിന് നിരാശപ്പെടാമായിരുന്നുവെങ്കിലും, ദൈവത്തിലുള്ള തന്റെ വിശ്വാസം ശക്തമായി നിലനില്‍ക്കുകയും അദ്ദേഹം നിരന്തരം ദൈവത്തിനു നന്ദി പറയുകയും ചെയ്തു. വാസ്തവത്തില്‍, 'ഇപ്പോള്‍ നാം എല്ലാവരും നമ്മുടെ ദൈവത്തിനു നന്ദിപറയുന്നു' എന്ന ഇഷ്ടഗാനം പാടിക്കൊണ്ട് അദ്ദേഹം ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടിരുന്നു.
അവര്‍ ദൈവത്തെ നിരാശപ്പെടുത്തുമ്പോഴോ അല്ലെങ്കില്‍ ശത്രുക്കള്‍ അവരെ പീഡിപ്പിക്കുമ്പോഴോ ഉള്‍പ്പെടെ എല്ലായ്‌പ്പോഴും നന്ദി പറയാന്‍ ദൈവജനത്തിന് നിര്‍ദ്ദേശം നല്‍കിയ യെശയ്യാ പ്രവാചകന്റെ മാതൃകയാണ് റിങ്കാര്‍ട്ട് പിന്തുടര്‍ന്നത് (യെശയ്യാവ് 12:1). അപ്പോഴും അവര്‍ ദൈവത്തിന്റെ നാമം ഉയര്‍ത്തുകയും ''ജാതികളുടെ ഇടയില്‍ അവന്റെ പ്രവൃത്തികളെ അറിയിക്കുകയും'' ചെയ്യണമായിരുന്നു (വാ. 4).
സുഹൃത്തുക്കളോടും കുടുംബത്തോടും ഒത്ത് സമൃദ്ധിയായ വിരുന്നു ആസ്വദിക്കുന്ന, താങ്ക്‌സ്ഗിവിംഗ് പോലുള്ള വിളവെടുപ്പ് ആഘോഷങ്ങളില്‍ നാം ആയാസരഹിതമായി ദൈവത്തിനു നന്ദി പറഞ്ഞേക്കാം. എന്നാല്‍ നമ്മുടെ മേശയില്‍ നിന്ന് ആരെങ്കിലും ഇല്ലാതാകുമ്പോഴോ അല്ലെങ്കില്‍ നാം സാമ്പത്തിക ഞെരുക്കം അനുഭവിക്കുമ്പോഴോ അല്ലെങ്കില്‍ നമ്മുടെ ഏറ്റവും അടുത്ത ഒരാളുമായി പൊരുത്തക്കേടുണ്ടാകുമ്പോഴോ പോലുള്ള ദുഷ്‌കരമായ സമയങ്ങളില്‍ നമുക്ക് ദൈവത്തോട് നന്ദി പറയാന്‍ കഴിയുമോ?
''ഭൂമിയും സ്വര്‍ഗ്ഗവും ആരാധിക്കുന്ന നിത്യദൈവത്തിന്'' സ്തുതിയും നന്ദിയും കരേറ്റിക്കൊണ്ട് പാസ്റ്റര്‍ റിങ്കാര്‍ട്ടിനോടു ചേര്‍ന്നു നമുക്കും അവനെ സ്തുതിക്കാം. 'യഹോവയ്ക്കു കീര്‍ത്തനം ചെയ്യുവിന്‍; അവന്‍ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു' (വാ. 5) എന്നു നമുക്കു പാടാന്‍ കഴിയും.
ദൈവം സംസാരിക്കുമ്പോള്‍
ബൈബിള്‍ പരിഭാഷകയായ ലില്ലി വീട്ടിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കപ്പെട്ടു. അവളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും, പുതിയ നിയമത്തിന്റെ ഒരു ഓഡിയോ കോപ്പി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയപ്പോള്‍ അവര്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും രണ്ട് മണിക്കൂര്‍ അവളെ ചോദ്യം ചെയ്യുകയും ചെയ്തു. ഒരു ഘട്ടത്തില്‍ അവര്‍ അവളോട് തിരുവെഴുത്ത് ആപ്ലിക്കേഷന്‍ പ്ലേ ചെയ്യാന്‍ ആവശ്യപ്പെട്ടു, അത് ഓപ്പണ്‍ ചെയ്തപ്പോള്‍ മത്തായി 7:1-2 ആണ് കേട്ടത്: ''നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും.' ഈ വാക്കുകള്‍ സ്വന്തം ഭാഷയില്‍ കേട്ടപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ വിളറി. പിന്നീട് തുടര്‍നടപടികളൊന്നും കൂടാതെ അവള്‍ മോചിപ്പിക്കപ്പെട്ടു.
വിമാനത്താവളത്തിലെ ആ ഉദ്യോഗസ്ഥന്റെ ഹൃദയത്തില്‍ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയില്ല, എന്നാല്‍ (ദൈവത്തിന്റെ) വായില്‍ നിന്ന് പുറപ്പെടുന്ന വചനം'' അവന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിറവേറ്റുന്നുവെന്ന് നമുക്കറിയാം (യെശയ്യാവ് 55:11). പ്രവാസികളായ ദൈവജനത്തോട് യെശയ്യാവ് ഈ പ്രവചനവചനങ്ങള്‍ പ്രവചിച്ചു, മഴയും മഞ്ഞും ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ, ''അവന്റെ വായില്‍ നിന്ന് പുറപ്പെടുന്ന വചനം'' അവന്റെ ഉദ്ദേശ്യങ്ങള്‍ കൈവരിക്കുന്നുവെന്ന് ഉറപ്പുനല്‍കി (വാ. 10-11).
ദൈവത്തിലുള്ള നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഈ ഭാഗം വായിക്കാന്‍ കഴിയും. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുമായി ലില്ലി നേരിട്ടതുപോലുള്ള അനിയന്ത്രിതമായ സാഹചര്യങ്ങള്‍ നാം അഭിമുഖീകരിക്കുമ്പോള്‍, ദൈവം നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് നമുക്കു വിശ്വസിക്കാന്‍ കഴിയും-അന്തിമഫലം നാം കാണാത്തപ്പോള്‍ പോലും.
പരദേശിയെ സ്‌നേഹിക്കുക
ഞാന്‍ ഒരു പുതിയ രാജ്യത്തേക്ക് മാറിയപ്പോള്‍, എന്റെ ആദ്യ അനുഭവങ്ങളിലൊന്ന് ഞാനവിടെ സ്വാഗതം ചെയ്യപ്പെടുന്നില്ല എന്നെനിക്കു തോന്നിയ സന്ദര്‍ഭമായിരുന്നു. അന്ന് എന്റെ ഭര്‍ത്താവ് പ്രസംഗിച്ചുകൊണ്ടിരുന്ന ചെറിയ സഭയില്‍ ഒരു ഇരിപ്പിടം കണ്ടെത്തിയപ്പോള്‍ ''താഴേക്ക് നീങ്ങുക'' എന്ന് ഒരു വൃദ്ധനായ മാന്യന്‍ എന്നോടു പറഞ്ഞത് എന്നെ അമ്പരപ്പിച്ചു. അവര്‍ സ്ഥിരമായി ഇരിക്കുന്ന ഇരിപ്പിടത്തിലാണ് ഞാന്‍ ഇരിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ഭാര്യ ക്ഷമാപണം നടത്തിക്കൊണ്ടു വിശദീകരിച്ചു. സഭകള്‍ പണം സ്വരൂപിക്കുന്നതിനായും ഒരാളുടെ ഇരിപ്പിടം മറ്റാരും കയ്യേറുന്നില്ലെന്നു ഉറപ്പാക്കുന്നതിനുമായി സഭകള്‍ ഇരിപ്പിടം വാടകയ്ക്കു കൊടുക്കുന്നു എന്നു വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ മനസ്സിലാക്കി. അത്തരം മനോഭാവങ്ങളില്‍ ചിലത് പതിറ്റാണ്ടുകളായി തുടരുന്നു എന്നു വ്യക്തമായിരുന്നു.
ഞാന്‍ നേരിട്ടതുപോലുള്ള സാംസ്‌കാരിക രീതികള്‍ക്ക് വിരുദ്ധമായി വിദേശികളെ സ്വാഗതം ചെയ്യാന്‍ ദൈവം യിസ്രായേല്യരോട് നിര്‍ദ്ദേശിച്ചതെങ്ങനെയെന്ന് പിന്നീട് ഞാന്‍ ചിന്തിച്ചു. തന്റെ ജനത്തിനു അഭിവൃദ്ധി പ്രാപിക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ പരദേശികളെ സ്വാഗതം ചെയ്യാന്‍ ദൈവം അവരെ ഓര്‍മ്മിപ്പിച്ചു, കാരണം അവരും ഒരു കാലത്ത് പരദേശികളായിരുന്നു (ലേവ്യാപുസ്തകം 19:34). അപരിചിതരോട് അവര്‍ ദയയോടെ പെരുമാറുക മാത്രമല്ല (വാ. 33), ''തങ്ങളെപ്പോലെ തന്നെ സ്‌നേഹിക്കുകയും വേണം'' (വാ. 34). ദൈവം അവരെ ഈജിപ്തിലെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്തി, ''പാലും തേനും ഒഴുകുന്ന'' ദേശത്ത് അവര്‍ക്ക് ഒരു ഭവനം നല്‍കി (പുറപ്പാട് 3:17). ആ ദേശത്തു പാര്‍ക്കുന്ന മറ്റുള്ളവരെ തന്റെ ആളുകള്‍ സ്‌നേഹിക്കണമെന്ന് അവന്‍ പ്രതീക്ഷിച്ചു.
നിങ്ങളുടെ ഇടയില്‍ അപരിചിതരെ കണ്ടുമുട്ടുമ്പോള്‍, ദൈവസ്‌നേഹം അവരുമായി പങ്കിടുന്നതില്‍ നിന്ന് നിങ്ങളെ തടയുന്ന ഏതെങ്കിലും സാംസ്‌കാരിക രീതികള്‍ വെളിപ്പെടുത്താന്‍ ദൈവത്തോട് ആവശ്യപ്പെടുക.
ക്രിസ്തുവിനെ എങ്ങനെ പ്രതിഫലിപ്പിക്കും
ലിസ്യൂസിലെ തെരേസെ (സഭയിലെ പ്രധാന അംഗമായിരുന്ന ഫ്രഞ്ച് കന്യാസ്ത്രീ), നാലാമത്തെ വയസ്സില്‍അവളുടെ അമ്മ മരിക്കുന്നതുവരെ സന്തോഷവതിയും ഒന്നിനെക്കുറിച്ചും ആകുലതകളില്ലാത്തവളുമായ ഒരു കുട്ടിയായിരുന്നു. അമ്മയുടെ മരണത്തോടെ അവള്‍ ഭീരുവും എളുപ്പത്തില്‍ ഭയപ്പെടുന്നവളുമായി മാറി. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരു ക്രിസ്മസ് തലേന്ന് അതെല്ലാം മാറി. അവളുടെ സഭാംഗങ്ങളോടൊപ്പം യേശുവിന്റെ ജനനം ആഘോഷിച്ചതിനു ശേഷം, ദൈവം അവളെ ഭയത്തില്‍ നിന്ന് മോചിപ്പിക്കുകയും സന്തോഷം നല്‍കുകയും ചെയ്തു. സ്വര്‍ഗ്ഗം വിട്ട് ഒരു മനുഷ്യനായി, യേശുവായിത്തീര്‍ന്ന ദൈവം തന്നില്‍ വസിക്കുന്നതിലൂടെ ഉളവായ ദൈവത്തിന്റെ ശക്തിയാണ് ഈ മാറ്റത്തിനു കാരണം എന്ന് അവള്‍ പറയുന്നു.
ക്രിസ്തു നമ്മുടെ ഉള്ളില്‍ വസിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? അതൊരു മര്‍മ്മമാണെന്ന് കൊലൊസ്യ സഭയോടു പൗലൊസ് പറഞ്ഞു. ദൈവം ''പൂര്‍വ്വകാലങ്ങള്‍ക്കും തലമുറകള്‍ക്കും' മറച്ചുവെച്ചിരുന്ന ഒന്നാണ് (കൊലൊസ്യര്‍ 1:26) അതെന്നു പൗലൊസ് പറയുന്നു. എന്നാല്‍ അവന്‍ അത് തന്റെ ജനത്തിനു വെളിപ്പെടുത്തി. ദൈവം ഈ മഹത്വത്തിന്റെ മഹത്തായ സമ്പത്ത് 'മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു' (വാ. 27) എന്നത് വെളിപ്പെടുത്തി. ക്രിസ്തു ഇപ്പോള്‍ കൊലൊസ്യരില്‍ വസിച്ചിരുന്നതിനാല്‍, പുതിയ ജീവിതത്തിന്റെ സന്തോഷം അവര്‍ അനുഭവിച്ചു. പാപത്തിന്റെ പഴയ സ്വയത്തിന് അവര്‍ ഇനിമേല്‍ അടിമകളല്ല.
നമ്മുടെ രക്ഷകനായി യേശുവിനെ നാം കൈക്കൊണ്ടിട്ടുണ്ടെങ്കില്‍, അവന്‍ നമ്മില്‍ വസിക്കുന്നു എന്ന ഈ മര്‍മ്മം നാമും ജീവിച്ചുകാണിക്കുകയാണ്. തെരേസിനെ മോചിപ്പിച്ചതുപോലെ അവിടുത്തെ ആത്മാവിലൂടെ അവനു നമ്മെയും ഭയത്തില്‍ നിന്ന് മോചിപ്പിക്കാനും സന്തോഷം, സമാധാനം, ആത്മനിയന്ത്രണം എന്നിങ്ങനെയുള്ള അവന്റെ ആത്മാവിന്റെ ഫലം നമ്മില്‍ വളര്‍ത്താനും കഴിയും (ഗലാത്യര്‍ 5:22-23).
ക്രിസ്തു നമ്മില്‍ വസിക്കുന്നു എന്ന അത്ഭുതകരമായ മര്‍മ്മത്തിന് നമുക്കു നന്ദി പറയാം.
കിംവദന്തികള്‍ നിര്‍ത്തുക
ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലുള്ള ഹോളി ട്രിനിറ്റി ചര്‍ച്ചിന്റെ ശുശ്രൂഷകനായി ചാള്‍സ് ശിമെയോന്‍ (1759-1836) തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം വര്‍ഷങ്ങളോളം എതിര്‍പ്പുകള്‍ നേരിട്ടു. സഭയിലെ ഭൂരിഭാഗം പേരും ശിമെയോന്റെ സ്ഥാനത്ത് സഹശുശ്രൂഷകനെ നിയമിക്കണമെന്ന് ആഗ്രഹിച്ചിരുന്നതിനാല്‍, അവര്‍ അദ്ദേഹത്തെക്കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിക്കുകയും അദ്ദേഹത്തിന്റെ ശുശ്രൂഷ നിരസിക്കുകയും ചെയ്തു. ചില സമയങ്ങളില്‍ അദ്ദേഹത്തെ പുറത്താക്കിചര്‍ച്ച് പൂട്ടുകപോലും ചെയ്തു. എന്നാല്‍ ദൈവാത്മാവിനാല്‍ നിറയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന ശിമയോന്‍ ചില ജീവിത പ്രമാണങ്ങള്‍ സൃഷ്ടിച്ച് കിംവദന്തികളെ നേരിടാന്‍ ശ്രമിച്ചു. അതിലൊന്ന്, തികച്ചും സത്യമല്ലാത്ത കിംവദന്തികള്‍ വിശ്വസിക്കരുത്. മറ്റൊന്ന് ''മറുപക്ഷം പറയുന്നതു കേള്‍ക്കുകയാണെങ്കില്‍, ഇക്കാര്യത്തില്‍ വളരെ വ്യത്യസ്തമായ ഒരു വിവരണം ലഭിക്കും എന്ന് എല്ലായ്‌പ്പോഴും വിശ്വസിക്കുക.''
ഈ നടപടിയിലൂടെ, ദൈവജനത്തിന്റെ പരസ്പരം സ്‌നേഹം ഇല്ലാതാക്കുമെന്ന് തനിക്കറിയാവുന്ന ദുര്‍വര്‍ത്തമാനവും നുണപ്രചരണവും അവസാനിപ്പിക്കണമെന്ന് തന്റെ ജനത്തോടുള്ള ദൈവത്തിന്റെ കല്പന ശിമെയോന്‍ പാലിച്ചു. ദൈവത്തിന്റെ പത്തു കല്പനകളിലൊന്ന്, അവര്‍ സത്യസന്ധമായി ജീവിക്കാനുള്ള അവന്റെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു: ''കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുത്'' (പുറപ്പാട് 20:16). പുറപ്പാടിലെ മറ്റൊരു നിര്‍ദ്ദേശം ഈ കല്‍പ്പനയെ ശക്തിപ്പെടുത്തുന്നു: ''വ്യാജവര്‍ത്തമാനം പരത്തരുത്'' (23:1).
നമ്മള്‍ ഓരോരുത്തരും ഒരിക്കലും കിംവദന്തികളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിക്കാതിരിക്കയും അവ കേള്‍ക്കുന്ന നിമിഷം അവയെ തടയുകയും ചെയ്താല്‍ ലോകം എത്രമാത്രം വ്യത്യസ്തമായിരിക്കും എന്ന് ചിന്തിക്കുക. ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി നമ്മുടെ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സ്‌നേഹത്തില്‍ സത്യം സംസാരിക്കാന്‍ സഹായിക്കുന്നതിന് പരിശുദ്ധാത്മാവിനെ നമുക്കാശ്രയിക്കാം.